||പറളി ഗ്രാമപഞ്ചായത്തില്‍ അടവാക്കേണ്ട വസ്തു നികുതി സെപ്തംബര്‍ 30 ന് മുന്‍മ്പായി അടവാക്കി പിഴപ്പലിശ ഒഴിവാക്കാവുന്നതാണ്. || വസ്തു നികുതി www.ksmart.lsgkerala.gov.in എന്ന വൈബ് സൈറ്റ് വഴിയും അടാവാക്കാവുന്നതാണ്. ||
പറളി ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

1852-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് വെറും കുമ്മായച്ചാന്തും ഇഷ്ടികയും ഉപയോഗിച്ച്, ഡബ്ള്യു.ആര്‍.റോബിന്‍സണ്‍ എന്ന എഞ്ചിനിയറുടേയും വിയഡിസ് എന്ന സൂപ്രണ്ടിന്റെയും മേല്‍നോട്ടത്തില്‍ ഒമ്പതു കണ്ണികളോടു കൂടി, കമാനാകൃതിയില്‍ നിര്‍മ്മിച്ച പുരുളി ബ്രിഡ്ജ് വലിയ കോട്ടമൊന്നുമേല്‍ക്കാതെ ഇവിടുത്തെ പുതിയ പാലത്തിനരികില്‍, പറളിയുടെ ചരിത്രത്തിലേക്കുള്ള ഒരു പാലമായി ഇന്നും നിലനില്‍ക്കുന്നു. ഈ പുരുളിപാലത്തിന്റെ പേരില്‍ നിന്നാണ് പറളി എന്ന പേരുണ്ടായിട്ടുള്ളതെന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തെക്കേ മലബാറിന്റെ ഭാഗമായിരുന്ന പറളി ശ്രദ്ധേയമായ ഒരു വാണിജ്യകേന്ദ്രമായിരുന്നു. എന്നാല്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ഏല്‍പിച്ച മുറിവുകള്‍ പറളിയുടെ വാണിജ്യതകര്‍ച്ചയ്ക്ക് കാരണമായി. തേനൂര്‍ അത്താഴംപെറ്റക്കാവ്, കിണാവല്ലൂര്‍ ചെമ്മണിക്കാവ്, തെക്കിനേടത്ത് ക്ഷേത്രം, എടത്തറ അയ്യപ്പന്‍കാവ്, ഓടനൂര്‍ മുണ്ടക്കാവ്, ഓടനൂര്‍ ശിവക്ഷേത്രം തുടങ്ങിയവ പഞ്ചായത്തിലെ പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രങ്ങളാണ്. അതുപോലെ തന്നെ പറളിയിലേയും കമ്പയിലേയും മുസ്ളീം ദേവാലയങ്ങളും കാലപ്പഴക്കമേറെയുള്ള ആരാധനാകേന്ദ്രങ്ങളാണ്. വി.കെ.കൃഷ്ണമേനോന്റെ തറവാട് പറളിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. എം.കേശവന്‍ നായര്‍ (മാടശ്ശേരി വീട്, എടത്തറ), എന്‍.മാധവന്‍ നായര്‍ എടത്തറ, ടി.വി.മാണിക്കനാശാരി തേനൂര്‍ എന്നിവരാണ് സ്വാതന്ത്യ്രസമരത്തില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ച പറളിക്കാര്‍. ഇവര്‍ നിസ്സഹകരണ പ്രസ്ഥാനത്തിലും ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിലും പങ്കെടുത്തിട്ടുള്ളതായി മനസിലാക്കുന്നു. സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗങ്ങളില്‍ പലതും നടന്നത് പുരുളി പാലത്തിന്റെ താഴെയും മണല്‍ത്തിട്ടയിലും വെച്ചായിരുന്നു. എ.കെ.ഗോപാലന്‍, കെ. കേളപ്പന്‍ തുടങ്ങിയ നേതാക്കള്‍ ഇവിടെ വന്ന് പ്രസംഗിച്ചിരുന്നു. നേതാക്കള്‍ മണല്‍ത്തിട്ടയില്‍ നിന്ന് മൈക്കില്ലാതെ ഉറക്കെ പ്രസംഗിക്കുമ്പോള്‍ പാലത്തിനു മുകളില്‍ ശ്രോതാക്കള്‍ തടിച്ചുകൂടിയിരുന്നുവത്രേ. മറ്റൊരു ഉജ്ജ്വലമായ കുടിയാന്‍ സമരത്തിനും പറളി സാക്ഷ്യം വഹിച്ചിട്ടുണ്ട്. കുമ്പളങ്ങ സമരം എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച സമരം കണ്ണുതള്ള എന്ന ആദിവാസി സ്ത്രീയുടെ നേര്‍ക്ക് അന്നത്തെ ജന്മിവ്യവസ്ഥിതിയില്‍ നിന്നും അപമാനം നേരിടേണ്ടി വന്നതിനെതിരായി നടന്ന സമരമാണ്. 1964-ല്‍ മദ്യ നിരോധനം നടപ്പിലാക്കിയതിനെ തുടര്‍ന്ന് ചെത്തുതൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രക്ഷോഭം നടത്തി. സ്വാതന്ത്യ്ര സമര കാലയളവിലും പിന്നീടുണ്ടായ നവോത്ഥാന കാലഘട്ടത്തിലും മാറ്റത്തിന്റെ വലിയ വെളിച്ചം ഉള്‍ക്കൊള്ളാന്‍ പറളിക്കു കഴിഞ്ഞിട്ടുണ്ട്. 1956-വരെ മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ഭാഗമായ തെക്കേ മലബാറിലെ ഒരു പാലക്കാടന്‍ ഉള്‍ഗ്രാമമായിരുന്നു പറളി. കരിമ്പനക്കൂട്ടങ്ങളും കല്ലടിക്കോടന്‍ മലയും പേരാറുമെല്ലാം ചേര്‍ന്ന് സമ്പന്നമാക്കിയ ഹരിതഭംഗിയുള്ള കാര്‍ഷിക ഗ്രാമമാണിത്. 20-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം വരെ ആര്യമാലയും ഹരിശ്ചന്ദ്രനാടകവും പൊറാട്ടുകളിയും കൊണ്ട് നിദ്രാവിഹീനങ്ങളാക്കിയ രാവുകളായിരുന്നു ഈ ഗ്രാമത്തിന്റേത്. കൊടുങ്ങല്ലൂര്‍ ഭഗവതിയെ പ്രതിഷ്ഠിച്ച അനേകം ചെറിയ കോവിലുകള്‍ പാലക്കാടന്‍ ഗ്രാമങ്ങളുടെ ഒരു പ്രത്യേകതയാണ്. അവിടെ നല്ലമ്മപ്പാട്ട് എന്ന നാടന്‍ പേരില്‍ അറിയപ്പെടുന്ന കണ്ണകി-കോവിലന്മാരുടെ കഥയെ അടിസ്ഥാനമാക്കിയുള്ള കോവിലന്‍ ചരിത്രം, ഭഗവതിപ്പാട്ടുരൂപത്തില്‍ ഉത്സവമായി നടത്തുന്ന രീതി ഇന്നും നിലനില്‍ക്കുന്നു. സര്‍പ്പക്കാവുകളിലെ കളംപാട്ടും കളമെഴുത്തും ഇന്നും ഇവിടങ്ങളില്‍ നടത്തുന്നുണ്ട്. പറളിത്തനിമ എന്ന് അവകാശപ്പെടാവുന്ന ഒരു കളിയാണ് കാവുവേലകള്‍ക്കു കെട്ടിനടക്കുന്ന പറയപൂതം. ഓരോദേശത്തും ഓരോ കളരിപ്പണിക്കര്‍ കുടുംബമായിരുന്നു ആ പ്രദേശത്തെ ഗുരുനാഥന്‍മാര്‍. ഓലയും എഴുത്താണിയുമായി കുട്ടികള്‍ ഗുരുനാഥന്‍മാരുടെ വീട്ടിലേക്ക് പോകും. മണലില്‍ വിരല്‍കൊണ്ട് എഴുതിച്ച് കുട്ടികളെ ഗുരുക്കന്‍മാര്‍ അക്ഷരങ്ങള്‍ പഠിപ്പിക്കും. അക്ഷരം പഠിച്ചുകഴിഞ്ഞാല്‍ അമരകോശം തുടങ്ങിയ സംസ്കൃത വ്യാകരണഗ്രന്ഥങ്ങളാണ് പഠിപ്പിക്കുക. പിന്നീട് പുരാണങ്ങളും മഹാകാവ്യങ്ങളും. വെള്ളക്കാരുടെ വിദ്യാഭ്യാസം പ്രചാരമാവുന്നതുവരെ ഇതായിരുന്നു ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ രീതി. പറളിയിലും ഇതുതന്നെയായിരുന്നു അവസ്ഥ. ആയുര്‍വേദ വൈദ്യരംഗത്ത് ഒട്ടേറെ പ്രശസ്തരായ വ്യക്തികള്‍ പറളിയിലുണ്ടായിരുന്നു. തേനൂര്‍ മേലേതില്‍ രാമന്‍കുട്ടി വൈദ്യര്‍, നാരായണ വൈദ്യര്‍ എന്നിവരുടെ പേരുകള്‍ സ്മരണീയങ്ങളാണ്. കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് പൂപ്പള്ളിയിലെ ബാലചികില്‍സ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. സ്വാതന്ത്യ്രത്തിനുമുമ്പ് ജാതിപരമായ അസമത്വങ്ങള്‍ നില നിന്നിരുന്നു. നവോത്ഥാനകാലഘട്ടത്തില്‍ അതിന് കാതലായ മാറ്റം വന്നു. അങ്ങനെ ഒരു മതനിരപേക്ഷ സംസ്ക്കാരം പറളിയിലും ഉടലെടുത്തു. ബ്രിട്ടീഷ് ആധിപത്യകാലത്ത് ചില ഫ്യൂഡല്‍ പ്രഭുക്കന്‍മാരുടെ അധീനതയിലായിരുന്നു പറളി. സ്വാതന്ത്യ്രസമരത്തിന്റെ തീച്ചൂളയില്‍ രാഷ്ട്രം ഉരുകിത്തിളക്കുമ്പോള്‍ ചില സമരസ്ഫുലിംഗങ്ങള്‍ പറളിയിലും ഉണ്ടാകാതിരുന്നില്ല. ജന്മി-നാടുവാഴിത്ത്വത്തിനെതിരെ പ്രതികരിക്കാന്‍ പറളിക്കാര്‍ തയ്യാറായിട്ടുണ്ടെന്ന് പറളിയുടെ ചരിത്രം സൂചന നല്‍കുന്നു. ജാതിസ്പര്‍ദ്ധയോ മതവൈരാഗ്യമോ കൂടാതെ ശാന്തജീവിതം നയിക്കുന്ന ജനതതിയാണ് പണ്ടുമുതല്‍ക്കേ പറളിയിലുണ്ടായിരുന്നത്. മതസൌഹാര്‍ദ്ദവും ഉയര്‍ന്ന സംസ്കാരവും വച്ചുപുലര്‍ത്തുന്ന ഒരു വിശാലമായ കാഴ്ചപ്പാട് പറളിയിലെ ജനതയ്ക്ക് ഉണ്ടായി. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ത്തന്നെ സ്ഥാപിക്കപ്പെട്ട തേനൂര്‍ ഈസ്റ്റ് എല്‍.പി.സ്ക്കൂള്‍, തേനൂര്‍ വെസ്റ്റ് യു.പി. സ്ക്കൂള്‍, കിണാവല്ലൂര്‍ എല്‍.പി.സ്ക്കൂള്‍, എടത്തറ യു.പി.സ്ക്കൂള്‍ എന്നിവ പറളിയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളാണ്. ഇന്ന് എയ്ഡഡ്, സര്‍ക്കാര്‍ മേഖലകളില്‍ ഒരു ഹൈസ്ക്കുളും, രണ്ട് യു.പി.സ്ക്കൂളും, നാല് എല്‍.പി.സ്ക്കൂളും പറളിയിലുണ്ട്. കൂടാതെ രണ്ട് അണ്‍ എയ്ഡഡ് ഹൈസ്ക്കൂളുകളും ഒരു അറബിക് കോളേജും പറളിയിലുണ്ട്. അനൌപചാരിക വിദ്യാഭ്യാസ രംഗത്ത് അനേകം വായനശാലകളും, ഗ്രന്ഥശാലകളും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തു വകയായ കമല നെഹ്റു മെമ്മോറിയല്‍ ഗ്രന്ഥശാലയാണ് പറളിയിലെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനം. പുറമെ 15 വായനശാലകളും ഇന്ന് ഈ രംഗത്തുണ്ട്. കേരള ഗ്രാന്ഥശാലാസംഘവുമായി അഫിലിയേറ്റു ചെയ്തിട്ടുള്ള 6 ഗ്രന്ഥാലയങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സാംസ്കാരിക നവോത്ഥാനത്തിന് ഈ വായനശാലകള്‍ ഒരുകാലത്ത് വഴിയൊരുക്കുകയുണ്ടായി. പറളിത്തനിമയെന്നവകാശപ്പെടാവുന്ന നാടന്‍ കലാരൂപമാണ് പറയപൂതം. മലബാറിന്റെ അനുഷ്ഠാനകലകളായ പൂതനും തിറയും ഇവിടുത്തെ കാവുകളിലും ക്ഷേത്രങ്ങളിലും കൊണ്ടാടാറുണ്ട്. എടത്തറ അയ്യപ്പന്‍ കോവിലിലെ താലപ്പൊലിയും, ഓടന്നൂര്‍ മുണ്ടിയന്‍ കാവ് വേലയും, കിണാവല്ലൂര്‍ ചെമ്മണിക്കാവ് വേലയും. അയ്യപ്പന്‍പ്പാട്ടും, ഭഗവതിപ്പാട്ടും മാരിയമ്മന്‍പൂജയും ഇവിടെ സാര്‍വ്വത്രികമായി നടത്തുന്ന ഉത്സവങ്ങളാണ്.